Tuesday, 10 June 2014

ആരാ നമ്മുടെ മുഖ്യമന്ത്രി?


 
മ്മളൊക്കെ വിചാരിക്കുന്നത് നമ്മുടെ മുഖ്യമന്ത്രി ശ്രീ. ഉമ്മന്‍ ചാണ്ടി ആണെന്നാണ്. പക്ഷെ, അഭ്യന്തരമന്ത്രി ശ്രീ. രമേശ്‌ ചെന്നിത്തലയുടെ ഇടപെടലുകള്‍ കാണുമ്പോള്‍ ഒരു നേരിയ സംശയം. മുഖ്യന്‍ മാറിയോന്ന്.

മുഖ്യമന്ത്രി അഭ്യന്തര വകുപ്പിന്‍റെ ചുമതല കൈകാര്യം ചെയ്യുന്ന പതിവുണ്ട്. പക്ഷെ, മുഖ്യമന്ത്രി ജീവനുള്ള ഉടലോടെ അനന്തപുരിയില്‍ ഇരിക്കുന്നത് ജനം നോക്കിനില്‍ക്കെ,, ആഭ്യന്തരമന്ത്രി മുഖ്യമന്ത്രിയുടെ ചുമതല ഇങ്ങനെ ‘ഔദാര്യപൂര്‍വ്വം’ ഏറ്റെടുക്കുന്നത് കൗതുകകരമായ ഒരു പുതിയ കീഴ്വഴക്കമാണ്.. പിന്നെ കൊണ്ഗ്രസ്സിലായത് കൊണ്ട് ഒന്നിനുമില്ല ഒരത്ഭുതവും.  ചാനലുകളില്‍ യോഗം കൂടി എല്ലാ ഉള്‍പാര്‍ട്ടി ചര്‍ച്ചകളും കേമറക്ക്  മുന്നില്‍ നടത്തുന്ന “സുതാര്യ” പര്‍ടിയല്ലേ കോണ്ഗ്രസ്സ്!

മറ്റേതെങ്കിലും പാര്‍ടിയില്‍ ഇതൊക്കെ നടക്കുമോ?

ബാങ്കിതര ധനമിടപാട് സ്ഥാപനങ്ങളെ നിയന്ത്രിക്കണമെന്ന് ആവശ്യപ്പെട്ടു റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ക്ക്‌ കത്തെഴുതുന്നത്  അഭ്യന്തരമന്ത്രി....... യതീംഖാന വിഷയത്തില്‍ അന്വേഷണം നടത്തി യുക്തമായ നടപടി എടുക്കാന്‍ സാമൂഹ്യക്ഷേമ വകുപ്പ് മന്ത്രിയോട് കല്‍പ്പിക്കുന്നത് അഭ്യന്തരമന്ത്രി....... മന്ത്രിസഭ പുന:സംഘടിപ്പിക്കേണ്ട-തില്ലെന്നു ഹൈക്കമാണ്ടിനോട് ശുപാര്‍ശ ചെയ്യാന്‍ KPCC പ്രസിഡണ്ടിനു മുമ്പേ ഡല്‍ഹിയിലേക്കു പറക്കുന്നത് അഭ്യന്തരമന്ത്രി....

ഏഷ്യാനെറ്റിലെ “മുന്‍ഷി” ചോദിക്കും പോലെ, ഇതെന്തൊരു പ്രോടോകോളാണപ്പാ !!!

Sunday, 1 June 2014

ജനാധിപത്യം പുനര്നിര്‍വചിക്കേണ്ടി വരുമോ?

31 % വോട്ടു മാത്രം കിട്ടിയിട്ടും മൃഗീയഭൂരിപക്ഷത്തോടെ അധികാരത്തിലേറാന്‍ ബിജെപിയെ സഹായിച്ചത് നമ്മുടെ ജനകീയ ജനാധിപത്യത്തിന്‍റെ ജനിതക ദൗര്‍ബല്യമാണ്. ഫാഷിസ്റ്റ്‌ അടിത്തറയും അജണ്ടകളുമുള്ള ഒരു പാര്‍ട്ടി അധികാരത്തിലെത്തുന്നത് രാജ്യത്തിലെ ഭൂരിപക്ഷം ഇഷ്ടപ്പെടാതിരിക്കുവാനുള്ള മുഖ്യകാരണം അവര്‍ അവരുടെ യഥാര്‍ത്ഥ മുഖം പുറത്തെടുത്താല്‍ മതേതരത്ത്വവും  ജനാധിപത്യവും കാലം ചെയ്യും എന്ന ആശങ്കയായിരുന്നു. സ്ഥാനത്ത് തന്നെയാണ് ആ ആശങ്ക എന്നുറപ്പിക്കുന്നതാണ്  മോദി അധികാരമേറ്റു ഒന്നാം ദിവസം മുതല്‍ വന്നു കൊണ്ടിരിക്കുന്ന വാര്‍ത്തകള്‍. മോദി കാണിക്കുന്ന ഒരു ഡിപ്ലോമസി പോലും മന്ത്രിമാര്‍ തങ്ങളുടെ ഉള്ളില്‍ തികട്ടുന്ന ഫാഷിസമോഹങ്ങളെ താല്‍ക്കാലികമായെങ്കിലും തടഞ്ഞു നിര്‍ത്താന്‍ കാട്ടുന്നില്ല. അത് അവരറിയാതെ മറ പൊളിച്ചു പുറത്തു ചാടുകയാണ്. വിവാദപ്രസ്താവനകള്‍ ഒഴിവാക്കണമെന്ന് മോദി നിര്‍ദ്ദേശിച്ചിട്ടും അടങ്ങുന്നില്ല പരരുടെയും വിഷനാക്കുകള്‍.

മോദികാലത്ത് കണ്ടു തുടങ്ങിയ പുതിയൊരു ട്രെന്റിനെ കുറിച്ചു പറയാനാണ് ഈ കുറിപ്പ്.  മോഡിയെ സോഷ്യല്‍ മിഡിയയില്‍ വിമര്ശിന്നവരെയൊക്കെ പോലീസ് പിടിച്ചു കൊണ്ട് പോകാന്‍ തുടങ്ങിയിരിക്കുന്നു. മുംബയില്‍ ഒരു ചെറുപ്പക്കാരനെ അറസ്റ്റു ചെയ്തു. ബംഗ്ലൂരുവില്‍ ആരോ പോയി പറഞ്ഞതിന്‍റെ അടിസ്ഥാനത്തില്‍   പോലീസ് MBA ക്ക് പഠിക്കുന്ന ഒരു യുവാവിനെ പിടിച്ചു കൊണ്ട് പോയി ജയിലിലിട്ടു. 3 ദിവസം കഴിഞ്ഞു ഒരു തെളിവുമില്ലെന്നു പറഞ്ഞു വെറുതെ വിട്ടു. 
ഇതെന്തു ജനാധിപത്യമാണ്!
രാജഭരണത്തില്‍ പോലും രാജാവിനെ വിമര്‍ശിച്ചാല്‍ തെളിവുണ്ടെങ്കിലേ അറസ്റ്റു ചെയ്യൂ. പുതിയ ഭാരതം ഇന്ദിരാഗാന്ധിയുടെ അടിയന്തിരാവസ്ഥയെ പുനര്‍ജനിപ്പിക്കുമോ?

ചക്കിക്കൊത്ത ചങ്കരന്‍ !

പുതിയ കേന്ദ്ര മന്ത്രിസഭയിളെ ഏക 'മുസ്‌ലിം' സാന്നിധ്യമാണ്  നജ്മ ഹിബതുല്ല. (ഹെപ്തുല്ല എന്നാണ് പത്രങ്ങള്‍ പറയുക.) 'ദൈവത്തിന്‍റെ പാരിതോഷികമായ നക്ഷത്രം' എന്നാണ്  ആ പേരിന്റെ അര്‍ഥം. വലിയ പാരമ്പര്യമുള്ള വനിതയാണവര്‍. സ്വാതന്ത്ര്യസമര സേനാനിയും ഇന്ത്യന്‍ മുസ്‌ലിംകളുടെ അഭിമാനവും ചിന്തകനും ബുദ്ധിജീവിയും ചരിത്രപുരുഷനുമായ മൗലാനാ അബുല്‍ കലാം ആസാദിന്റെ സഹോദരപുത്രി. രാജ്യത്തെ അത്യുന്നത സ്ഥാനങ്ങള്‍ വഹിച്ച മഹതി. ഉപരാഷ്ട്രപതിയാവാന്‍ ശ്രീ. ഹാമിദ് അന്‍സാരിയോട് മത്സരിച്ചിരുന്നു. പാരമ്പര്യം, വിദ്യാഭ്യാസം, കഴിവ്, ബുദ്ധി, പദവികള്‍ എല്ലാം കൊണ്ടും രാജ്യത്തെ വനിതകളില്‍ മുന്‍ നിരക്കാരി. മോദി മന്ത്രി സഭയില്‍  ഇത്രയും  പ്രാഗല്‍ഭ്യമുള്ള പുരുഷന്മാര്‍ പോലും വേറെയുണ്ടോ എന്ന് സംശയമാണ്. ഉമാഭാരതിയും സ്മൃതി ഇറാനിയും ഒക്കെ മന്ത്രിയായ സഭയില്‍ ഒരു മന്ത്രിയാവേണ്ടാവരല്ല യഥാര്‍തത്തില്‍ ശ്രിമതി നജ്മ.



സോണിയയുമായുള്ള ഭിന്നത മൂത്താണ് കൊണ്ഗ്രസ് വിട്ടത്. നേരെ ചെന്നത് ബിജെപിയിലാണ്. ഒരു ഇന്ത്യക്കാരി എന്നാ നിലയില്‍ സര്‍വ്വ മഹത്വവും ഉള്ളതോടൊപ്പം ബിജെപി ക്ക് പറ്റിയ വ്യക്തിത്വം കൂടിയാണ് അവരുടേത്. സ്വത്വബോധം അശേഷം ബാധിക്കാത്ത ഒരു ശുദ്ധ മതേതരയാണവര്‍. ഇസ്‌ലാമിനോടോ  മുസ്‌ലിംകളോടോ ഒന്നും പ്രത്യേകിച്ച് ഒരു പ്രതിബദ്ധതയുമില്ല. നജ്മയുടെ മൂന്നു പെണ്മക്കളില്‍ ഒരാള്‍ ഹിന്ദുവാണത്രേ.  ബിജെപിയില്‍ മുമ്പും ഇപ്പോഴുമുള്ള ഇതര 'മുസ്‌ലിം'കളെ പോലെ ന്യൂനപക്ഷങ്ങളുടെ കാര്യത്തില്‍ പാര്‍ട്ടി പറയുന്നതെന്തും നടപ്പാക്കാന്‍ ഒരു മനസ്സാക്ഷിക്കുത്തും അനുഭവപ്പെടാത്ത വിധം ശുദ്ധമാണവരുടെ മതേതരഛയയും പാര്‍ട്ടിപ്രതിബദ്ധതയും. ബിജെപിക്ക്  ന്യൂനപക്ഷ വകുപ്പ് ഏല്‍പ്പിക്കാന്‍ പറ്റിയ ഇത്രയും വിശ്വസ്ഥയായ   മറ്റൊരു മന്ത്രിയെ ഇന്ത്യ മുഴുവന്‍ പരതിയാലും കിട്ടിക്കൊള്ളണമെന്നില്ല !

സച്ചാര്‍ കമ്മിററി റിപ്പോര്‍ട്ട്‌ ശുപാര്‍ശകള്‍ നടപ്പിലാക്കാന്‍ പ്രായോഗിക നടപടികള്‍ സ്വീകരിക്കുക എന്ന മുഖ്യലക്ഷ്യത്തോടെയാണ്  ന്യൂനപക്ഷ വകുപ്പ് എന്ന പേരില്‍ 2006 ല്‍  കേന്ദ്രഗവര്‍മ്മെന്റ്റ് ഒരു മന്ത്രാലയം തന്നെ രൂപവല്‍ക്കരിച്ചത്‌. പ്രധാനമന്ത്രി ഒരു പതിനഞ്ചിന പദ്ധതിയും പ്രഖ്യാപിച്ചു. അത് നടപ്പാക്കുന്നതില്‍ കൊണ്ഗ്രസ്സ് സര്‍ക്കാരും അതേല്‍പ്പിക്കപ്പെട്ട മന്ത്രിമാരും എന്ത് മാത്രം ആത്മാര്‍ഥത കാണിച്ചു എന്നത് മറ്റൊരു വിഷയമാണ്. എന്നാല്‍ , മുസ്‌ലിംകള്‍ ന്യൂനപക്ഷമേ അല്ലെന്നാണ് പുതിയ ന്യൂനപക്ഷ വകുപ്പ് മന്ത്രിയുടെ പക്ഷം.  പാര്‍സികളാണത്രെ ന്യൂനപക്ഷം! സംവരണം മുസ്‌ലിം പിന്നാക്കാവസ്ഥ പരിഹരിക്കാനുള്ള മാര്ഗ്ഗമല്ലെന്നും അവര്‍ക്കഭിപ്രായമുണ്ട്. മുസ്‌ലിംകളുടെ പിന്നോക്കാവസ്ഥ പരിഹരിക്കാന്‍ സംവരണമല്ല മാര്‍ഗ്ഗം എന്നതിന് തെളിവായി മന്ത്രിണി മുന്നോട്ടു വെയ്ക്കുന്നത് അവരെ തന്നെയാണ്. താന്‍ ഈ നിലയിലൊക്കെ എത്തിയത് സംവരണത്തിന്റെ ആനുകൂല്യത്തിലല്ല എന്നതാണ് ന്യായം.



എല്ലാ രാഷ്ട്രീയക്കാരെയും പോലെ, വിവാദമായപ്പോള്‍ നജ്മയും തിരുത്തി. പറഞ്ഞത് അല്ല തെറ്റിയത്. റിപ്പോര്‍ട്ട്‌ ചെയ്ത പത്രക്കര്‍ക്കാണത്രെ തെറ്റിയത്. അവര്‍ പറഞ്ഞത് ഇങ്ങനെയാണ്: മുസ്‌ലിംകള്‍ ഏറ്റവും വലിയ ന്യൂനപക്ഷവും പാര്‍സികള്‍ ചെറിയ ന്യൂനപക്ഷവുമാണ്. ഇതിലാര്‍ക്കാണ്‌ തര്‍ക്കം!  എന്തായാലും ഒരു കാര്യം ഉറപ്പായി. ചക്കിക്കൊത്ത ചങ്കരനെ തന്നെ കിട്ടി മോദിക്ക്. രാജാവിനെക്കാള്‍ വലിയ രാജഭക്തി കാട്ടാന്‍ ഒന്ന് കൂടി വെളിപ്പെടുത്തി അവര്‍. മുസ്‌ലിംകളെ ഉദ്ധരിക്കാനുള്ള യുപിഎ സര്‍ക്കാരിന്റെ 15 ഇന പരിപാടി നരേന്ദ്ര മോദിക്ക് താല്പര്യമുണ്ടെങ്കില്‍ മാത്രമേ മുന്നോട്ടു കൊണ്ട് പോകൂവത്രേ. 



വായില്‍ വെള്ളിക്കരണ്ടിയുമായി ജനിച്ചവര്‍ക്കു എവിടന്നാണ് പാവപ്പെട്ടവന്‍റെ ദീനങ്ങളും രോദനങ്ങലുമറിയുക? അത്തരക്കാര്‍ ഇതും ഇതിനപ്പുറവും പറഞ്ഞാല്‍ അത്ഭുതപ്പെടാനൊന്നുമില്ല. ക്രിമിനലുകളും കോടീശ്വരന്മാരും നാട് ഭരിക്കുമ്പോള്‍, ഇതൊക്കെ തന്നെയേ ജനാധിപത്യത്തിനും ചെയ്യാന്‍ കഴിയൂ.