ഷുമാക്കര്‍ ലെവിയും
കുറ്റ്യാടിത്തേങ്ങയും
1994-ജൂലൈ 16 മുതല്‍ 22 വരെയുള്ള ആറ് ദിവസങ്ങളില്‍, കഷ്ണം കഷ്ണങ്ങളായി വ്യാഴഗ്രഹത്തില്‍ പതിച്ച കൂറ്റന്‍ വാല്‍നക്ഷത്രമായിരുന്നു “ഷുമാക്കര്‍ ലെവി-9” (Shoemaker-Levy). തല്‍ ഫലമായി വ്യഴഗ്രഹത്തില്‍ ഭൂമിയേക്കാള്‍ വലിയ ഗര്‍ത്തമുണ്ടായി. അന്നത്തെ ഏറെ അന്താരാഷ്ട്ര പ്രാധാന്യമുള്ള വാര്‍ത്തയായിരുന്നു അത്.
അന്നൊരു വെള്ളിയാഴ്ച ദിവസം. കുറ്റൃാടി പോയപ്പോള്‍ പാറക്കടവ് ജുമുഅത്ത് പള്ളിയിലാണ് ജുമുഅക്കെത്തിയത്. ടി കെ അബ്ദുല്ല സാഹിബുമുണ്ട് ജുമുഅക്ക്. അദ്ദേഹം പതിവായി അവിടെയാണോ ജുമുഅക്ക് വരാറുണ്ടായിരുന്നത് എന്നറിയില്ല. കെഎന്‍ അബ്ദുല്ല മൗലവി അടക്കമുള്ള പല പ്രഗല്‍ഭരുമുണ്ട് പള്ളിയില്‍. അന്നത്തെ ഖുതുബ നടത്തേണ്ടിയിരുന്നത് ആരായിരുന്നു എന്നും നിശ്ചയമില്ല. ഏതായാലും ടികെയെ കണ്ടതോടെ എല്ലാവരും മിമ്പറില്‍ കയറാന്‍ മടിച്ചു. ടികെ കയറണമെന്നായി. അദ്ദേഹത്തിന്റെ വിമ്മിട്ടം കണ്ടപ്പോള്‍ അദ്ദേഹം ഒരുങ്ങിയിട്ടില്ലെന്നു തോന്നി. ഏതായാലും അദ്ദേഹം ഖുതുബ പറയാന്‍ തയാറായി. ഹംദും സ്വലാത്തും ഒക്കെ കഴിഞ്ഞ് പ്രസംഗമാരംഭിച്ചു. “ഷുമാകര്‍ ലെവി” ആയിരുന്നു അന്നത്തെ ഖുതുബയുടെ വിഷയം. വളരെ മനോഹരമായി സാധാരണക്കാരായ ശ്രോദ്ധാക്കളുടെ മനം കവരുന്ന ശൈലിയില്‍ മനോഹരമായി, എന്താണ് ഷുമാകര്‍ ലെവി എന്നും തദടിസ്ഥാനത്തിലുള്ള ഈ പ്രപഞ്ചത്തിലെ രഹസ്യങ്ങള്‍ എന്തൊക്കെയാണെന്നും ഒക്കെ അദ്ദേഹം വിശദീകരിച്ചു. ഷുമാകര്‍ ലെവി പതിച്ചപ്പോള്‍ എങ്ങനെയാണ് വ്യാഴത്തില്‍ കുഴിയുണ്ടായത് എന്നുദാഹരിക്കാനാണ്, നല്ല വലിപ്പമുള്ള കുറ്റ്യാടിത്തേങ്ങ ചളിയില്‍ വീണാല്‍ എങ്ങനെ-യുണ്ടാവും എന്ന് കുറ്റ്യാടിയിലെ തേങ്ങാ കര്‍ഷകരോട് ഉപമയായി പറഞ്ഞത്.
ഇത് സാധാരണക്കാരായ ഒരു സദസ്സിനെ എങ്ങനെ അഭിസംബോധനം ചെയ്യാം, എത്രയും സങ്കീര്‍ണ്ണമായ വിഷയം പോലും എത്ര ലളിതമായി അവതരിപ്പിക്കാം എന്നതിന്റെ ഉദാഹരണമായിരുന്നു. ഓരോ സദസ്സിനെയും കൃത്യമായി അളന്നു മുറിച്ചായിരുന്നു ടികെയുടെ പ്രസംഗം. ഒരു പ്രത്യേക വിഷയം വെച്ചുള്ള ഒരു പ്രസംഗത്തിന് ക്ഷണിക്കാന്‍ ചെന്നാല്‍ അദ്ദേഹം ചോദിക്കും : എത്ര പേരുണ്ടാവും, ആരായിരിക്കും സദസ്യര്‍, എന്താണ് അവരുടെ നിലവാരം..... ഒരു വിഷയാധിഷ്ഠിത പ്രസംഗമാണെങ്കില്‍ പണ്ഡിതന്മാരും സാധാരണക്കാരും കലര്‍ന്നുള്ള ഒരു സദസ്സിനെ അഭിമുഖീകരിക്കാന്‍ അദ്ദേഹം വിസമ്മതിക്കും. അതിനു കാരണമായി പറയുക: “ഒരു പണ്ഡിത സദസ്സാണെങ്കില്‍ ഞാന്‍ ഒരു വാചകം പറയേണ്ടിടത്ത് സാധാരക്കാരാണെങ്കില്‍ പത്ത് വാചകം പറയണം. പണ്ഡിതന്മാരോട് പത്ത് വാചകം പറഞ്ഞാല്‍ അവര്‍ മുഷിയും; സാധാരണക്കാരോട് ഒരു വാചകം പറഞ്ഞാല്‍ അവര്‍ക്ക് മനസ്സിലാവില്ല.”.......... അത്ര സൂക്ഷ്മമായിരുന്നു അദ്ദേഹത്തിന്റെ പ്രസംഗാസൂത്രണം. എവിടെയെങ്കിലും പ്രസംഗിക്കേണ്ടതുണ്ടെങ്കില്‍, മുന്നോടിയായി അര മണിക്കൂറെങ്കിലും അദ്ദേഹത്തിനു പ്രിപയര്‍ ചെയ്യാന്‍ വേണം. ഓരോ പ്രസംഗവും ഓരോ തരത്തിലും ശൈലിയിലും ഉള്ളതായിരുന്നു. അദ്ദേഹം ജീവിതത്തില്‍ എവിടെയെങ്കിലും ഒരിക്കല്‍ ചെയ്ത പ്രസംഗം മറ്റൊരിടത്ത് ചെയ്യുമായിരുന്നില്ല.
രണ്ടാമതൊരു പ്രസംഗം ഞാന്‍ കേട്ടത് കോഴിക്കോട് ടൗണ്‍ ഹാളില്‍ നടന്ന “സീറാ കൊൺഫ്രന്‍സി”ലായിരുന്നു. എം എന്‍ വിജയന്‍, കെഇഎന്‍ അടക്കമുള്ള പ്രഗല്‍ഭര്‍ പങ്കെടുത്ത പരിപാടി. അതിലദ്ദേഹം ചെയ്ത പ്രഭാഷണം തികച്ചും വ്യത്യസ്തമായ, ഉന്നത സാഹിത്യ ഭംഗിയുള്ള മനോഹരമായ ഒരു പ്രസംഗം. വിജയനും കെഇഎന്നും പ്രസംഗം തീരുന്നത് വരെ ഇമവെട്ടാതെ, അദ്ദേഹത്തിന്റെ മുഖത്ത് തന്നെ നോക്കിയിരുന്നു. വിജയന്‍ അദ്ദേഹത്തിന്റെ പ്രസംഗത്തില്‍ ടികെയുടെ പ്രസംഗത്തെ മുക്തകൺഠം പ്രശംസിക്കുകയും ചെയ്തു. ആ പ്രസംഗത്തില്‍ അദ്ദേഹം മുഖ്യമായി സ്ഥാപിക്കാന്‍ ശ്രമിച്ച പോയിന്റ് ഇതായിരുന്നു : പ്രവാചകനെ നിങ്ങള്‍ ഒരു മഹാനെന്ന നിലയില്‍ എത്ര വാഴ്ത്തിയിട്ടും കാര്യമില്ല; അദ്ദേഹം ഒരു പ്രവാചകനാണെന്ന് അംഗീകരിക്കുമ്പോള്‍ മാത്രമാണ് ആ മഹത്വങ്ങള്‍ സധുവാകുക. അദ്ദേഹത്തില്‍ നിങ്ങള്‍ ചാര്‍ത്തുന്ന മറ്റ് ഉന്നത ഗുണങ്ങള്‍ ലോകത്ത് മറ്റ് പലരിലും കണ്ടേക്കാം. ദൈവത്തിന്റെ പ്രവാചകനായിരിക്കേ ഇത്തരം ഗുണങ്ങള്‍ ഉണ്ടാകുമ്പോള്‍ മാത്രമാണ് മുഹമ്മദ് മഹാനാകുന്നത്.
പ്രസംഗങ്ങളിലെ നര്‍മ്മ വിസ്മയം
പ്രസ്ഥാന സ്റ്റേജുകളില്‍ അദ്ദേഹത്തിന്റെ പ്രസംഗം മറ്റൊന്നായിരുന്നു. അതില്‍ ധാരാളം നര്‍മ്മങ്ങളുണ്ടാകുമായിരുന്നു. നര്‍മ്മമില്ലാതെ അദ്ദേഹം പ്രസംഗിക്കുന്നത് അപൂര്‍വ്വമാണ്. ഉര്‍ദു ബല്‍റ്റില്‍ നിന്ന് ഭൂരിപക്ഷമുള്ള ദല്‍ഹി സമ്മേളനത്തില്‍ ടികെ സ്റ്റേജില്‍ കയറിയത് ഒരു വെള്ള മുണ്ടും തോളില്‍ ഒരു തോര്‍ത്ത് മുണ്ടും ഇട്ട് കൊണ്ട് തനി വടക്കന്‍ മാപ്പിള വേഷത്തിലാണ്. “ഇവനാരെടാ” എന്നൊരുപക്ഷേ അദ്ദേഹത്തെ പരിചയമില്ലാത്ത ഉര്‍ദുക്കാര്‍ക്ക് തോന്നിയിരിക്കും. പക്ഷെ, പസംഗം തുടങ്ങി നോക്കുമ്പോള്‍ അവരുടെ മട്ടും മാതിരിയും മാറി. വലിയ വലിയ കാര്യങ്ങള്‍ കുത്തിനിറച്ച ഹാസ്യപ്പടക്കമായിരുന്നു പ്രസംഗമുടനീളം. സാധാരണ ഉര്‍ദു പ്രസംഗങ്ങള്‍ വരണ്ട സ്റ്റീരിയോടൈപ്പ് ആവും. അതിനിടക്ക് ഒരു കുളിര്‍നീരായിരുന്നു ടികെയുടെ പ്രസംഗം. അന്നദ്ദേഹം പറഞ്ഞ നര്‍മ്മങ്ങളില്‍ ഓര്‍മ്മയില്‍ തങ്ങി നില്‍ക്കുന്ന ഒന്ന് ഇതാണ്: വാജ്‌പേയി ഭരിക്കുന്ന കാലം. നരസിംഹറാവു തുടങ്ങിവെച്ച എല്ലാ സാമ്രാജ്യത്വ സേവകളും അപ്പടി തുടരുകയാണ് വാജ്പേയി സര്‍ക്കാര്‍. വിദേശ നിക്ഷേപമോ വിദേശക്കുത്തകകളുടെ ഇന്ത്യലേക്കുള്ള ഇരച്ചു കയറ്റമോ ഒന്നും അവര്‍ക്കൊരു പ്രശ്നമായിരുന്നില്ല. ആകപ്പാടെ പ്രശ്നം സോണിയാഗാന്ധിയുടെ വിദേശ ബന്ധമാണ്. അദ്ദേഹം അക്കാര്യമാണ് നര്‍മ്മരൂപേണ സൂചിപ്പിച്ചത് : “ബിജെപി കോ സിര്‍ഫ് ഏകീ വിദേശീ ചീസ് ഹേ – ഓയീ ഹേ : സോണിയാ ഗാന്ധി...!”. ബിജെപിയുടെ ഭരണകാലത്ത് അവരുടെ ഭരണസിരാകേന്ദ്രത്തിന്റെ നെറുകയില്‍ കയറി നിന്ന് അവരുടെ തലച്ചോറില്‍ അമ്പ് തറയ്ക്കുന്ന വര്‍ത്തമാനം പറയാന്‍ ചില്ലറ ധൈര്യമൊന്നും മതിയാകുമായിരുന്നില്ല......ആര്‍ക്കും കയറി വരാവുന്ന പോതുസമ്മേളന നഗരി നിറയെ ചാരന്മാര്‍ ആയിരിക്കുമെന്ന് അറിഞ്ഞുകൊണ്ടു തന്നെ യുള്ളതാവുമല്ലോ ആ പ്രയോഗങ്ങള്‍ ! “ടികെ സാബ് കാ, ടികെ സാബ്കാ” എന്ന് ബഹളം വെച്ച് കൊണ്ട് പ്രസംഗം വിക്കുന്ന കാസറ്റ് സ്റ്റാളില്‍ പിന്നെ ഉര്‍ദുക്കാരുടെ തള്ളായിരുന്നു.
മറ്റൊരു സംഭവം ഓര്‍ക്കുന്നത്, സിദ്ദീഖ് ഹസന്‍ സാഹിബ് അമീറായപ്പോള്‍ അദ്ദേഹത്തിന്റെ കൂടെ ഗള്‍ഫ് സന്ദര്‍ശനത്തിനു ടികെയുമുണ്ടായിരുന്നു. 1990 കാലങ്ങളില്‍ കുവൈത്ത് അധിനിവേശാനന്തരം അമേരിക്കയുടെ നേതൃത്വത്തില്‍ 35-ഓളം രാജ്യങ്ങള്‍ ചേര്‍ന്ന് ഇറാഖിനെതിരെയുള്ള യുദ്ധം നടക്കുകയാണ്. ഒരു ആഭ്യന്തര ചര്‍ച്ചയില്‍ ഖത്തറിലെ ജമാഅത് നേതാക്കള്‍ അദ്ദേഹത്തോട് പറഞ്ഞു: “പൊതു പ്രസംഗങ്ങളില്‍ അമേരിക്ക, ഇസ്രായേല്‍, സദ്ദാം ഹുസൈന്‍, ഇറാഖ് എന്നൊന്നും പറയാതിരിക്കലാണ് നല്ലത്.” അതൊക്കെ ശ്രദ്ധിക്കാന്‍ ആളുണ്ടാവും. ടികെ സ്വതസിദ്ധമായ ഒരു ചെറുചിരിയോടെ അതംഗീകരിച്ചു. പ്രസംഗിക്കാന്‍ കിട്ടിയ ആദ്യ സന്ദര്‍ഭത്തില്‍ തന്നെ പറഞ്ഞു : “............ അമേരിക്ക, ഇസ്രായേല്‍, ഇറാഖ്, സദ്ദാം ഹുസൈന്‍ എന്നൊന്നും പ്രസംഗത്തില്‍ പറയണ്ട എന്ന് പറഞ്ഞത് കൊണ്ട് ആ പേരുകളൊന്നും ഞാന്‍ പറയുന്നില്ല......”!! എന്നിട്ട് അദ്ദേഹം പറയാനുള്ളതൊക്കെ പറയുകയും ചെയ്തു. ഇങ്ങനെ എത്രയെത്രയോ സംഭവങ്ങള്‍.
ഖുര്‍ആന്റെ ആഴങ്ങളിലേക്കിറങ്ങി ചെല്ലുകയും ഖുര്‍ആനെ കുറിച്ച് നിരന്തരം ചിന്തിക്കുകയും ചെയ്യുന്ന ഒരു ഖുര്‍ആനീ പ്രതിഭയായിരുന്നു ടികെ. അദ്ദേഹം ഏറ്റവും ഒടുവില്‍ എഴുതി പൂര്‍ത്തിയാക്കിയ പുസ്തകത്തിലെ ആദ്യ അദ്ധ്യായം ഖുര്‍ആനെ കുറിച്ചാണ്. അതേസമയം ഖുര്‍ആന്‍ ഓതി ആളുകളെ ചിരിപ്പിക്കാന്‍ കഴിയുന്ന അപൂര്‍വ്വ വ്യക്തിത്വം കൂടിയായിരുന്നു അദ്ദേഹം. ഒട്ടേറെ ഉദാഹരണങ്ങളുണ്ട്. ഒന്ന് മാത്രം പറയാം. ഡല്‍ഹിയില്‍ നിന്ന് പുറപ്പെടുന്ന തരുണ്‍ തേജ്പാലിന്റെ “തെഹല്‍ക” മാസിക വിവാദം കത്തിനില്‍ക്കുന്ന കാലം. അഴിമതിക്കഥകള്‍ തെഹല്‍ക പുറത്ത് കൊണ്ടുവന്നതിന്റെ പേരില്‍ ഒട്ടേറെ മന്തിമാരും പാര്ട്ടിനേതാകളും രാജിവേചോഴിയേണ്ടി വന്ന കാലം. ഒരു പരിപാടിയില്‍ പ്രസംഗിച്ചു കൊണ്ടിരിക്കേ ടികെ പറഞ്ഞു : “എന്ത് സംഭവമുണ്ടായാലും നമ്മള്‍ ആദ്യം പരതേണ്ടത് ഖുര്‍ആനിലാണല്ലോ. തെഹല്‍ക സംഭവമുണ്ടായപ്പോള്‍ ഞാന്‍ ഖുര്‍ആന്‍ പരതിനോക്കി. അതെക്കുറിച്ച് എന്തെങ്കിലുമുണ്ടോ ഖുര്‍ആനില്‍ എന്നറിയാന്‍. അതാ കിടക്കുന്നു ആയത് ! ......വലാ തുല്‍ഖൂ ആയ്ദിയകും ഇലത്തഹ്ലുക...”!!
മാതൃഭൂമി പത്രാധിപര്‍ നല്‍കിയ ചായസല്‍ക്കാരം
ശരീഅത്ത് വിവാദം കത്തിനില്‍ക്കുന്ന കാലം. ഖത്തറില്‍ അന്ന് പത്രങ്ങളുടെ സെന്‍സര്‍ കര്‍ശനമാണ്. ശരീഅത്തിനെ പരിഹസിച്ചു കൊണ്ടുള്ള ഒരു കാര്‍ട്ടൂണുമായിട്ടായിരുന്നു ഒരു ദിവസത്തെ മാതൃഭൂമി ഇറങ്ങിയത് . സ്വാഭാവികമായും പത്രം നിരോധിക്കപ്പെട്ടു. കാരശ്ശേരി അടക്കമുള്ള പല പ്രഗല്‍ഭരും ശമിച്ചിട്ടും നിരോധം നീങ്ങിക്കിട്ടിയില്ല. സലീം മൗലവിക്ക് ഗവര്‍മ്മെണ്ട് ഉദ്യോഗസ്ഥരില്‍ വലിയ സ്വധീനമാനെന്നും മൗലവിയെ കണ്ടാല്‍ കാര്യം നടക്കുമെന്നും ആരോ മാതൃഭൂമിക്കാരോട് പറഞ്ഞു കൊടുത്തു. അങ്ങനെയാണ് പത്രാധിപര്‍ ടികെയെ ചായ കുടിക്കാന്‍ വിളിച്ചത്. ചായ കുടിയൊക്കെ കഴിഞ്ഞിട്ടും ആരും ഒന്നും പറയാതായപ്പോള്‍ ടികെ അങ്ങോട്ട് ചോദിച്ചു : “നിങ്ങള്‍ വിളിച്ച കാര്യം പറഞ്ഞില്ല ?” ‘നമ്മള്‍ പത്രക്കരല്ലേ അങ്ങോട്ടമിങ്ങോട്ടും ബന്ധവും സഹകരണവും ഒക്കെ ഉണ്ടാവണ്ടേ.’ എന്ന് പറഞ്ഞപ്പോള്‍ ടികെ പറഞ്ഞു : “തീര്‍ച്ചയായും അതൊക്കെ വേണമല്ലോ”.... അങ്ങനെ കാര്യത്തിലേക്ക് വന്നു . ‘ഞങ്ങള്‍ക്ക് ഖത്തറിലുള്ള സലിം മൗലവിയെ ഒന്ന് കാണണം. നിങ്ങള്‍ അദ്ദേഹത്തിന്റെ ഒരു അപ്പോയിന്റ്മെന്റ് വാങ്ങിത്തരണം’ ഇതായിരുന്നു ആവശ്യം! ഇത് കേട്ട് ടികെ ചിരിച്ചു. അവരോട് പറഞ്ഞു: അദ്ദേഹം അത്ര വലിയ ആളൊന്നുമല്ല. ഞാന്‍ ഇടപെടേണ്ട ആവശ്യമൊന്നുമില്ല. എന്നെപ്പോലെ തന്നെയുള്ള ഒരു സാധാരണ വ്യക്തിയാണ്. നിങ്ങള്‍ പോയാല്‍ മതി. അദ്ദേഹത്തെ കാണാം.”
ചില ധൈഷണിക വര്‍ത്തമാനങ്ങള്‍
ജമാഅത്തെ ഇസ്‌ലാമിയെ വിമര്‍ശനാത്മകമായി വിലയിരുത്തിക്കൊണ്ട് ഇംഗ്ലീഷില്‍ ഒരു പുസ്തകം (Limits of Islamism-Jamaat-e-Islami in Contemporary India and Bangladesh by Maidul Islam) ഇറങ്ങിയ വിവരം ഒരു സന്ദര്‍ശനവേളയില്‍ ഞാന്‍ ശ്രദ്ധയില്‍ പെടുത്തി. അതിന്റെ വിശദാംശങ്ങളൊക്കെ ചോദിച്ചു മനസ്സിലാക്കി. എന്നിട്ട് പറഞ്ഞു : അത് വായിച്ചിട്ട് ഉള്ളടക്കം എനിക്ക് പറഞ്ഞു തരണം. ഇത്രകൂടി കൂട്ടിച്ചേര്‍ത്തു : നേരത്തെ ജമാഅതിനെ നിരൂപണം ചെയ്ത് പുസ്തകമെഴുതിയ (Islamism and Democracy in India) ഇര്‍ഫാന്‍ അഹ്മദ് എന്നെ കാണാന്‍ വന്നിരുന്നു. അദ്ദേഹം എന്തോ ആവശ്യത്തിനു കോഴിക്കോട് വന്നപ്പോള്‍ തന്റെ പുസ്തകത്തില്‍ ചില സന്ദര്‍ഭങ്ങളില്‍ പരാമര്‍ശ-വിധേയനായ ഒരു ജമാഅത്ത് നേതാവ് ഇവിടെയാണെന്നറിഞ്ഞപ്പോള്‍ ഒരു കൗതുകത്തിനു കണ്ടു പോകാമെന്ന് കരുതിയോ എന്തോ, എന്നെ കാണണമെന്ന് ആഗ്രഹം പ്രകടിപ്പിച്ചതാണ്. എയര്‍പോര്‍ട്ടില്‍ പോകുന്നതിന്റെ തൊട്ട് മുമ്പുള്ള സമയമാണ് അതിനദ്ദേഹം തിരഞ്ഞെടുത്തത്. കിട്ടിയ സമയം കൊണ്ട് ആ പുസ്തകത്തില്‍ അദ്ദേഹം എഴുതിക്കൂട്ടിയ കുറെ തെറ്റിദ്ധാരണകള്‍ ഞാന്‍ തിരുത്തിക്കൊടുത്തു. കുറച്ചു കൂടി സമയം കിട്ടിയിരുന്നെങ്കില്‍ മറ്റ് സംശയങ്ങള്‍ കൂടി ഞാന്‍ തീര്‍ത്തു കൊടുക്കുമായിരുന്നു. പക്ഷെ അദ്ദേഹം എയര്‍പോര്‍ട്ടിലേക്ക് പോകുന്നതായത് കൊണ്ട് കൂടുതല്‍ ഇരിക്കാന്‍ നിര്ബ്ബന്ധിക്കാന്‍ പറ്റില്ലല്ലോ.
അദ്ദേഹത്തിന് ഇംഗ്ലീഷ് ഭാഷയില്‍ കൂടുതല്‍ പരിജ്ഞാനമില്ലെന്ന് അദ്ദേഹം തന്നെ പറയാറുണ്ട്. എന്നാല്‍ ഒരിക്കല്‍ ഒരു പ്രസംഗത്തില്‍ അദ്ദേഹം പറഞ്ഞു. “ഇംഗ്ലീഷുകാര്‍ക്ക് ദഅ്-വത് നടത്താന്‍ ഇംഗ്ലീഷുകാര്‍ തന്നെ എഴുതിയ പുസ്തകം വേണം. ഇംഗ്ലീഷ് മാതൃഭാഷയല്ലാത്തവര്‍ എഴുതിയ പുസ്തകങ്ങള്‍ അവരുടെ ശൈലിയില്‍ ആവുകയില്ല ! ഇതെങ്ങനെയാണ് അദ്ദേഹത്തിനു പറയാന്‍ കഴിയുന്നത് എന്ന് ഞാനല്‍ഭുതപ്പെട്ടു.
പ്രസ്ഥാനവും സംഘടനയും എന്ന തലക്കെട്ടില്‍ ഒരു ലേഖനമെഴുതി. പ്രബോധനത്തില്‍ കൊടുത്തു. അവരത് ടികെയെ കാണിക്കണമെന്ന് പറഞ്ഞു. ഞാന്‍ ലേഖനവുമായി അദ്ദേഹത്തെ കാണാന്‍ ചെന്നു. വിവരം പറഞ്ഞു. വായിക്കാന്‍ പറഞ്ഞു. രണ്ട് മൂന്ന് സ്ഥലങ്ങളില്‍ ചെറിയ തിരുത്തുകള്‍ നിര്‍ദ്ദേശിച്ചു. എന്നിട്ട് പറഞ്ഞു. ഇത് ഞാന്‍ എഡിറ്റര്‍ ആയത് കൊണ്ടല്ല. ഇതിലുള്ള ചില വിഷയങ്ങള്‍ ഞാനവരുമായി തര്‍ക്കത്തി-ലുള്ളവയാണ്. അത് കൊണ്ടാണ്. (ദര്‍ശന ചാനലില്‍ ഒരു ദിവസം ഒ. അബ്ദുല്ലയുടെ വാരാന്ത പരിപാടിയിലെ വിമര്‍ശന വിഷയം ആ ലേഖനമായിരുന്നു.)
സന്ദര്‍ശനങ്ങള്‍-സഹവാസങ്ങള്‍
നാട്ടില്‍ പോകുമ്പോള്‍ പ്രായമുള്ളവരും അല്ലാത്തവരുമായ പ്രസ്ഥാന നേതാക്കളില്‍ വ്യക്തിബന്ധമുള്ളവരെ സന്ദര്‍ശിക്കല്‍ ഒരു ശീലമാക്കിയിരുന്നു. ടികെ അബ്ദുല്ല സാഹിബ് , സിദ്ദീഖ് ഹസന്‍, അബ്ദുള്ള ഹസന്‍, സലീം മൗലവി, വി എ കബീര്‍, ഒ അബ്ദുറഹ്മാന്‍, (പ്രബോധനം, ജാമിഅഃ, ഐപിഎച്), ഹിറയിലെ ജമാഅത് നേതാക്കള്‍ തുടങ്ങിയവര്‍ അക്കൂട്ടത്തില്‍ പ്രധാനികളാണ്. ടികെയെ മറ്റിടങ്ങളിലും സന്ദര്‍ശിക്കാറുണ്ട്. ദല്‍ഹി സമ്മേളന നഗരിയില്‍ അദ്ദേഹത്തിന്റെ റൂം കണ്ടു പിടിച്ചു ചെന്നു. ഒന്ന് സലാം പറയല്‍ മാത്രമേ ഉദ്ദേശമുണ്ടായിരുന്നുള്ളൂ. പക്ഷെ, കണ്ടപ്പോള്‍ അദ്ദേഹം കൈപിടിച്ച് തൊട്ടടുത്തിരുത്തി. സംസാരം തുടങ്ങി. സംസാരിക്കാന്‍ തുടങ്ങിയാല്‍ ചുരുങ്ങിയത് ഒരു മണിക്കൂറാണ് ദൈര്‍ഘ്യം. അതില്‍ ലോകത്തുള്ള പല വിഷയങ്ങളും വരും. ഇന്നത് എന്നില്ല. അന്താരാഷ്‌ട്ര വിഷയങ്ങള്‍ മുതല്‍ ഞങ്ങള്‍ രണ്ടു പേരുടെയും വ്യക്തി-കുടുംബ കാര്യങ്ങള്‍ വരെ വിഷയമാവും. അന്ന് അഫ്ഗാന്‍ യുദ്ധം നടക്കുന്ന കാലമാണ്. ത്വാലിബാന്‍ പട്ടാളം യു.എസ് സേനയോട് നിരന്തരം പരാജയപ്പെട്ടു കൊണ്ടിരിക്കുന്നു. റഷ്യയെ ഓടിച്ചവര്‍ അമേരിക്കയെയും വെള്ളം കുടിപ്പിക്കും എന്നൊക്കെയായിരുന്നു ചില ഉപശാലാ വര്‍ത്തമാനങ്ങള്‍. അന്നെന്നോട് ചോദിച്ച ചോദ്യം : “എന്ത് കൊണ്ട് അഫ്ഗാന്‍ സേന അമേരിക്കന്‍ സൈന്യത്തോട് തോല്‍ക്കുന്നു?” എന്റെ നിഷ്കളങ്ക മനസ്സില്‍ വന്ന ഉത്തരം ഞാന്‍ പറഞ്ഞു : ‘അവര്‍ക്ക് ഈമാന്‍ കുറവായത് കൊണ്ടാവും.’ “ഈമാനും തഖ്വയും ഒക്കെ വേണ്ടുവോളം, വേണമെങ്കില്‍ സ്വഹാബികളുടെ അത്രയും ഉണ്ടെന്നു കരുതുക. എന്നാലോ? ജയിക്കുമോ ? ......... ഞാന്‍ ആ മുഖത്തേക്ക് നോക്കിയിരുന്നു-മറുപടിക്കായി. “ഇക്കാലത്ത് ഈമാനും തഖ്-വയുമൊക്കെ ഉള്ളതോടൊപ്പം യുദ്ധം ജയിക്കണമെങ്കില്‍, അത്യന്താധുനിക വിമാനങ്ങളും മിസൈലടക്കമുള്ള ആധുനിക പടക്കോപ്പുകളും സാങ്കേതിക വിദ്യയും കൈവശമുണ്ടാവണം. മുസ്‌ലിം രാജ്യങ്ങളുടെ കൂട്ടത്തില്‍ അതാരുടെ കയ്യിലാണുള്ളത് !”
ആ സംസാരം കുറെയധികം നീണ്ടുപോയി. പല വിഷയങ്ങളും ചര്‍ച്ചയ്ക്ക് വന്നു. ചെറിയ കുട്ടികളെ പോലെ അദ്ദേഹം ചോദ്യങ്ങള്‍ ചോദിക്കുമായിരുന്നു. മറുപടി പറഞ്ഞാല്‍ ആ വിവരത്തിന്റെ സ്രോതസ്സ് അന്വേഷിക്കും. കൃത്യമായ സ്രോതസ്സറിഞ്ഞാല്‍ മാത്രമേ വിശ്വസിക്കൂ. ചിലപ്പോള്‍ പറയും “ഇതെനിക്ക് പ്രസംഗത്തില്‍ ഉദ്ധരിക്കാനുള്ളതാണ്. നല്ല ഉറപ്പുള്ളതേ എന്നോട് പറയാവൂ!” ചിലപ്പോള്‍ അദ്ദേഹം പ്രസംഗങ്ങളില്‍ “..........എന്നാണ് എനിക്ക് കിട്ടിയ വിവരം” എന്ന് പറയുന്നത് കേള്‍ക്കാം. ..... സമയം വല്ലാതെ വൈകിയപ്പോള്‍ അദ്ദേഹത്തിന്റെ ചുമതല ഏല്‍പ്പിക്കപ്പെട്ട ഒരാളുണ്ട്. അദ്ദേഹത്തെ റെഡിയാക്കി സമയത്ത് സ്റ്റേജിലെത്തിക്കല്‍ അടക്കമുള്ള എല്ലാ ജോലിയും അയാളുടെ ഉത്തരവാദിത്വമാണ്. അദ്ദേഹം എന്നെ സ്വകാര്യത്തില്‍ വിളിച്ചു പറഞ്ഞു : മൂപ്പര്‍ നിര്ത്തുകയില്ല. നിങ്ങള്‍ എങ്ങനെയെങ്കിലും ഒന്ന് നിര്‍ത്തിത്തരണം. എനിക്കദ്ദേഹത്തെ സമയത്ത് സ്റ്റേജിലെത്തിക്കേണ്ടതാണ്. അതദ്ദേഹത്തിനു മനസ്സിലായി. അത് കൊണ്ട് അനുവാദം ചോദിച്ചപ്പോള്‍ ഒരു ചിരിയോടെ സമ്മതിച്ചു.
നാട്ടില്‍ പോകുമ്പോഴെല്ലാം ചെറിയകുമ്പളത്തെ വീട്ടില്‍ പോകാറുണ്ടായിരുന്നു. ചിലപ്പോഴൊക്കെ ആരെങ്കിലും കൂടെയുണ്ടാവും. മിക്കവാറും ഒറ്റക്കായിരിക്കും. ഓരോ സന്ദര്‍ഭത്തില്‍ ഓരോ വിഷയമാണ് സംസാരിക്കുക. വ്യക്തിവിശേഷങ്ങള്‍ താല്പര്യത്തോടെ ചോദിച്ച് അപ്ഡേറ്റ് ചെയ്യും. ഒരിക്കല്‍ ചോദിച്ചു : “ഇങ്ങ് തിരിച്ചു പോന്നാല്‍ ഇവിടെ ജീവിക്കാനുള്ള വക എന്തെങ്കിലുമുണ്ടോ?” ഞാനെന്റെ കഥകളൊക്കെ പറഞ്ഞു. അദ്ദേഹം എല്ലാം സാകൂതം കേട്ടു. ചിലപ്പോള്‍ കര്‍മ്മശാസ്ത്ര മസ്അലകള്‍ ആയിരിക്കും സംസാരത്തില്‍ വരിക. ഒരിക്കല്‍ തമാശയായി പറഞ്ഞു : ഒരു സുന്നി പണ്ഡിതന്‍ എന്നെ കാണാന്‍ വരാമെന്ന് പറഞ്ഞിട്ടുണ്ട്. എന്തോ മസ്അല ചര്‍ച്ച ചെയ്യാനാണ്. അത് കൊണ്ട് ഞാന്‍ പഴയ നഹ്-വിന്റെ കിതാബൊക്കെ ഒന്ന് മറിച്ചു നോക്കി. കൂട്ടത്തില്‍ എന്തെങ്കിലും നഹ്-വോ സ്വര്‍ഫോ ഒക്കെ ചോദിച്ചാല്‍ കുടുങ്ങരുതല്ലോ! ....... ഒരിക്കല്‍ സംസാരിച്ച വിഷയം ബഹുസ്വരതയായിരുന്നു. ബഹുസ്വരത എന്ന ആശയത്തോടുള്ള അദ്ദേഹത്തിന്റെ യോജിപ്പും വിയോജിപ്പും സംസാരവിഷയമായി. ബഹുസ്വരത കാട്കയറി സര്‍വ്വമത സത്യവാദത്തിലെത്തുന്ന അനിയന്ത്രിത ബഹുസ്വരതയോടാണ് അദ്ദേഹത്തിന്റെ വിയോജിപ്പ്..... അടിസ്ഥാനം മനസ്സിലാക്കാതെ പുതു പ്രവണതകള്‍ക്കനുസരിച്ചു വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്ന പുത്തന്‍ തലമുറയെയും അദ്ദേഹം വിമര്‍ശിക്കുമായിരുന്നു. ചിലപ്പോള്‍ സംസാരം സംവാദരൂപത്തിലാവും. ഞാന്‍ അദ്ദേഹത്തിന്റെ വാദങ്ങളെ ഖണ്ഡിക്കാനൊന്നും പോകാത്തത് കൊണ്ട് പലപ്പോഴും സംവാദം ഏകപക്ഷീയമായിരിക്കും. ഇസ്‌ലാമിക പ്രസ്ഥാനം, സോളിഡാരിറ്റി, വെല്‍ഫെയര്‍ പാര്‍ട്ടി, ഇന്ത്യന്‍ മുസ്‌ലിംകള്‍, ഗള്‍ഫ് നാടുകളിലെ ഭരണകൂടങ്ങള്‍, അമേരിക്ക, ഇസ്രായേല്‍ യൂറോപ്പ്, ഡോ. ഖര്‍ദാവി, ശൈഖ് ഗനൂശി.... ഒക്കെ സംസാരവിഷയമാവും. മതവും രാഷ്ട്രീയവും വിഭജിച്ച ഗനൂശിയുടെ നടപടിയോട് അദ്ദേഹത്തിനു യോജിപ്പില്ലായിരുന്നു. കെട്ടിക്കുടുക്കിയ കര്‍മ്മശാസ്തത്തെ സാധാരണക്കാരന് പ്രാപ്യമാക്കിയ ശൈഖ് ഖര്‍ദാവി ഈ നൂറ്റാണ്ടിലെ ഒരു അര്‍ദ്ധ മുജദ്ദിദ് ആണെന്നും അദ്ദേഹത്തിനഭിപ്രായമുണ്ടായിരുന്നു ഒരിക്കല്‍ ഞാനദ്ദേഹത്തിന്റെ ഒരു ഇന്റര്‍വ്യൂ എടുത്തു. അത് വീഡിയോയില്‍ പിടിക്കാന്‍ അദ്ദേഹം വിസമ്മതിച്ചു. എഴുതി എടുത്തോളാന്‍ പറഞ്ഞു. ക്യാമറ മുന്നില്‍ വെച്ചാല്‍ തുറന്നു പറയാന്‍ കഴിയില്ല എന്നായിരുന്നു അദ്ദേഹം പറഞ്ഞത്. അതൊരു തുറന്ന സംസാരമായിരുന്നു. പിന്നീട് ഞാനത് കടലാസ്സില്‍ പകര്‍ത്തി പ്രിന്റ് ചെയ്ത് അദ്ദേഹത്തെ ഏല്‍പ്പിച്ചു. വായിച്ചു നോക്കിയാ ശേഷം എന്നോട് പറഞ്ഞു. “അത് പ്രസിദ്ധീകരിക്കണ്ട” എന്ന്.
ഞാൻ സാധാരണ പോലെ ഇത്തവണയും ടികെ സാഹിബിനെ സന്ദർശിക്കാൻ പോയിരുന്നു. സെപ്തംബര്‍ 18ന്. ഞാൻ നാട്ടില്‍ നിന്ന് തിരിച്ചുപോരാനായപ്പോൾ, നേരിട്ട് വിളിച്ചു. ഭാര്യയാണ് ഫോണെടുക്കുക. എന്നെ അറിയാം . ഞാൻ പറഞ്ഞു : എനിക്കൊന്നു കാണണമായിരുന്നു. ഇന്ന് വരാമോ? അദ്ദേഹത്തോട് ചോദിച്ചു സമ്മതം വാങ്ങിയ ശേഷം വന്നോളാന്‍ പറഞ്ഞു : പക്ഷെ സംസാരിക്കാനൊക്കെ പ്രയാസമാണ്"എന്ന് കൂടി പറഞ്ഞു. എനിക്കൊന്നു വെറുതെ കണ്ടാൽ മാത്രം മതിയെന്ന് ഞാനും. എന്നാൽ വന്നോളൂ. ഞാനുച്ചയ്ക്ക് 12 മണിക്കാണ് അവിടെ എത്തിയത്. മൂത്ത മകന്‍ ഇഖ്ബാൽ ആയിരുന്നു. എന്നെ സ്വീകരിച്ചത്. ഞാൻ റൂമിൽ കയറി. കിടക്കുകയാണ്. (സാധാരണ എത്ര സുഖമില്ലെങ്കിലും അതിഥികള്‍ വന്നാല്‍ എഴുന്നേറ്റ് വരാന്തയിൽ വന്നിരിക്കലാണ് പതിവ്). എന്നോട് ഇരിക്കാൻ പറഞ്ഞു.... " സാധാരണ ഞാനാണ് സംസർക്കാറുള്ളത്. നിങ്ങൾ കേൾക്കാറാണ്. ഇപ്പോള്‍ എനിക്ക് സംസാരിക്കാൻ പ്രയാസമുണ്ട്. ഇത്തവണ നിങ്ങൾ സംസാരിക്കൂ. ഞാന് ക്കാം." ഞാൻ പറഞ്ഞു : ഞാൻ സംസാരിക്കാനൊന്നും വന്നതല്ല. വെറുതെ ഒന്ന് കണ്ട് പോകാൻ വന്നതാണ്. "അതൊന്നും പറ്റില്ല. സംസാരിക്കണം" എന്നായിരുന്നു മറുപടി.! ഞാൻ മനമില്ലാ മനസ്സോടെ ചിലതൊക്കെ പറഞ്ഞു . പിന്നെ ഞാൻ എഴുതിക്കൊണ്ടിരിക്കുന്ന പുസ്തകത്തെ കുറിച്ച് ചോദിച്ചപ്പോൾ ആ സുഖമില്ലാത്ത അവസ്ഥയിലും ചാലനായി. “അത് പൂർത്തിയായി. ‘എന്റെ ബോധ്യങ്ങൾ’ എന്നാണു പേരിട്ടത്. പേര് ഞാൻ ആദ്യമേ കണ്ട് വെച്ചിരുന്നു.... ഏഴ് (അതോ അഞ്ചോ എന്ന് എനിക്കോർമ്മയില്ല) അദ്ധ്യായങ്ങളുണ്ട്. ആദ്യത്തെത് ഖുർആനെ കുറിച്ചും അവസാനത്തേത് എന്റെ കുടുംബത്തെ കുറിച്ചുമാണ്. അല്ലാമാ ഇഖ്ബാലിനെ കുറിച്ചുള്ള മറ്റൊരധ്യായത്തെ കുറിച്ചും വിശദമായി പറഞ്ഞു.....അല്ലാഹുവിന്റെ സ്വിഫതുകളില്‍ ഏറ്റവും മികച്ചു നില്‍ക്കുന്നത് റഹ്മാന്‍, റഹീം എന്നിവയാണ്. അത് കൊണ്ടാണ് ഖുര്‍ആന്‍ തുടങ്ങുന്ന ബിസ്മിയില്‍ ആ സ്വിഫത് ഉപയോഗിച്ചത്........ആ സ്വിഫത്തിലാണ് ഈ പ്രപഞ്ചത്തെ മുഴുവന്‍ സൃഷ്ടിച്ചത്......
സംസാരം ഒരു മണിക്കൂറിനടുത്തായി. ഭാര്യയും ഇഖ്ബാൽ സാഹിബും ഇടയ്ക്കിടെ വന്നു നോക്കുന്നുണ്ട്. ഞാൻ പതുക്കെ എഴുന്നേറ്റു. പോകാന് അനുവാദം ചോദിച്ചു. അതിനിടക്ക് കുടുംബകാര്യങ്ങളും നാട്ടുകാര്യങ്ങളും സാമ്പത്തിക കാര്യങ്ങളും എല്ലാം ചോദിച്ചറിഞ്ഞിരുന്നു. അവസാനം പറഞ്ഞു : " എനിക്കെത്ര വയസ്സായിട്ടുണ്ടാവും ?" 92? "അല്ല 94". അദ്ദേഹം തിരുത്തി. എന്നിട്ടും എന്റെ ബുദ്ധിക്ക് ഒരു ക്ഷതവും പറ്റിയിട്ടില്ല.... പറ്റിയിട്ടുണ്ടെങ്കിൽ എനിക്ക് ഈ പ്രായത്തില്‍ പുസ്തകമെഴുതാന്‍ കഴിയുമോ (ചിരി) . എഴുന്നേറ്റ് ഞാൻ കരം ഗ്രഹിച്ചു . അപ്പോൾ പറഞ്ഞു. ഒരു മിനിറ്റ് കൂടി നിൽക്ക് .. ഒന്ന് പ്രാത്ഥിച്ചിട്ട്പോകാം. وسارعوا الى مغفرة من ربكم وجنة عرضها السموات والارض ….. സ്വർഗ്ഗത്തിന്റെ വീതിവിസ്താരത്തെ കുറിച്ചാണ് അല്ലാഹു പറഞ്ഞത്. നരകത്തെ കുറിച്ചു അങ്ങനെ പറഞ്ഞിട്ടില്ല. ആ വിശാലമായ സ്വർഗ്ഗത്തിൽ നമ്മളെ ഒരുമിച്ച് കൂട്ടാൻ വേണ്ടി പ്രാർത്ഥിക്കണം എന്ന് വസ്വിയ്യത്ത് ചെയ്തു കൊണ്ട് പ്രാര്‍ത്ഥിച്ചു. കണ്ണുകള്‍ നിറഞ്ഞൊഴുകി. പല തവണ സന്ദർശിച്ചിട്ടുണ്ടെങ്കിലും ആദ്യമായാണ് പ്രാർത്ഥിക്കുന്നതും കണ്ണുകള്‍ നിറയുന്നതും.
ഒരിതിഹാസമായിരുന്നു ആ മനീഷി. ദാര്‍ശനികന്‍, ചിന്തകന്‍, ത്രിഭാഷാ പണ്ഡിതന്‍, സാഹിതീവൈഭവം കൊണ്ട് അമ്മാനമാടുന്ന വാഗ്മി, അനുഗൃഹീനായ തൂലികാകാരന്‍, കവി, മനുഷ്യസ്നേഹി, സംഘാടകന്‍, ആഗോള ചലനങ്ങളെ സാകൂതം നോക്കിക്കാണുന്ന നിനീക്ഷകന്‍ എന്നിങ്ങനെ എന്തൊക്കെ വിശേഷങ്ങള്‍ അദ്ദേഹത്തില്‍ ചാര്‍ത്താമോ അതെല്ലാം അദ്ദേഹത്തിനു നന്നായി ചേരും. നിത്യയൗവനം കതിരിട്ടു നിന്ന മനസും വിപ്ലവം പൂത്തുലഞ്ഞു നില്‍ക്കുന്ന ധിഷണയും ടികെയുടെ മാത്രം സവിശേഷതക-ളായിരുന്നു. അദ്ദേഹത്തിന്റെ വാങ്ങ്മാരികള്‍ വിദ്യാര്‍ഥികളിലും യുവാക്കളിലും വിപ്ലവത്തിന്റെ കനലുകള്‍ ആളിക്കത്തിച്ചു. നാവില്‍ നിന്നുതിര്‍ന്നു വീണ ഓരോ വാക്കും അമൂല്യമായ മണിമുത്തുകളായിരുന്നു.....
അദ്ദേഹത്തിന്റെ ബര്‍സഖീ ജീവിതം അല്ലാഹു സന്തോഷകരമാക്കട്ടെ അദ്ദേഹത്തെയും നമ്മെയെല്ലാവരെയും അവന്റെ ജന്നാത്തുൽ ഫിർദൗസിൽ ഒരുമിച്ചു കൂട്ടുമാറാകട്ടെ ... ആമീൻ യാ റബ്ബ് ....
∆Ω∆